ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മേലുകാവ് കേരളത്തിലെ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ അതിർത്തിയിൽ, പശ്ചിമഘട്ട മലനിരകളുടെ അടിവാരത്ത് സ്ഥിതിചെയ്യുന്ന ഒരു മനോഹര ഗ്രാമപ്രദേശമാണ്. ഇന്ന് ഗ്രാമപഞ്ചായത്തായി അറിയപ്പെടുന്ന ഈ പ്രദേശത്തിന് കാർഷിക, സാമൂഹിക, മതപര, സാംസ്കാരിക മേഖലകളിൽ സമ്പന്നമായ ചരിത്രപാരമ്പര്യമുണ്ട്. ഇതിന്റെ ചരിത്രത്തെയും പശ്ചാത്തലത്തെയും കുറിച്ചുള്ള പ്രധാന വിവരങ്ങൾ ചുവടെ പ്രതിപാദിക്കുന്നു.

സ്ഥല ചരിത്രം

കുളത്തിക്കണ്ടം എന്ന സ്ഥലത്തിനടുത്തുള്ള കൊടിത്തോപ്പില്‍ സ്ഥിതി ചെയ്തിരുന്ന ഒരു പുരാതന ക്ഷേത്രം കാട്ടാനകളുടെ നിരന്തര ആക്രമണത്തെ തുടർന്ന് മലമുകളിലുള്ള കല്ലു വെട്ടം എന്ന സ്ഥത്തേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. ഈ കാവ് താഴെ നിന്നും മുകളിലോട്ട് മാറ്റിയതിനാല്‍ പിന്നീട് ക്ഷേത്രം മേലേ കാവ് എന്നറിയപ്പെടുകയും കാലാന്തരത്തില്‍ മേലുകാവ് ആയി എന്നുമാണ് മതം. പഞ്ചായത്തിലെ ഒരോ സ്ഥലത്തിനും ഇതേ പോലുള്ള ഒരു ചരിത്രം രേഖപ്പെടുത്തലുകളില്‍ കാണാന് സാധിക്കും. 

പഞ്ചായത്ത് പ്രദേശത്ത് വാകമരങ്ങള്‍ തിങ്ങി നിറഞ്ഞ സ്ഥലം വാകക്കാട് എന്നും കുളങ്ങളും കണ്ടല്‍ ക്കാടുകളും ഉണ്ടായിരുന്ന സ്ഥലം കുളത്തിക്കണ്ടം എന്നും നായാട്ടുകാർ വേട്ടമൃഗങ്ങളുടെ മാസം കേടാവാതെ ഉപ്പിട്ടു സൂക്ഷിച്ചിരുന്ന സ്ഥലം ഉപ്പിടുപാറയെന്നും രണ്ട് മലകളുടെ ഇടയ്ക്ക് സ്ഥിതി ചെയ്തിരുന്ന സ്ഥലം ഇടമറുക് എന്നും (മറുക് എന്ന വാക്കിന് മല എന്ന കൂടി അർത്ഥമുണ്ട്) വനങ്ങളില്‍ കാട്ടെരുമകള്‍ കൂട്ടമായി വിശ്രമിച്ചിരുന്ന പാറ എരുമപ്പാറയെന്നും പിന്നീട് ഇരുമാപ്രയെന്നും പറയപ്പെടുന്നു. കൂടാതെ രാജാവ് തന്റെ പ്രജകളെ കാണുന്നതിനായി ഇറങ്ങിയപ്പോള്‍ തന്റെ തലപ്പാവ് ഒരു മരത്തിന്റെ ശിഖരത്തില്‍ വച്ചശേഷം അതിന്റെ ചുവട്ടില്‍ വിശ്രമിച്ചതിനാല്‍ പിന്നീട് ആ സ്ഥലം മുടിവച്ചമരുത് എന്നും അറിയപ്പെടുന്നു.

മീനച്ചില്‍ താലൂക്കില്‍ കയ്യൂർ ദേശത്ത് കുളപ്പുറത്ത് നായർ തറവാട്ടില്‍കൊല്ലവർഷം 9-ാം ശതകത്തില്‍ ജീവിച്ചിരുന്ന അമാനുഷിക ബലവാനായിരുന്ന കുളപ്പുറത്ത ഭീമൻ. കഞ്ഞിക്ക് ഇരുപത്തി അഞ്ചേകാല്‍ ഇടങ്ങഴി അരിയും അതിനു ചേർന്ന മറ്റ് വിഭവങ്ങളും കൂടാതെ മാന്‍, പന്നി, ഉടുമ്പ് മുയല്‍ മുതലായവയെ പിടിച്ചുകൊണ്ടു വന്ന് ചെമ്പിലോ വാർപ്പിലോ ഇട്ടു പുഴുങ്ങി പകല്‍ സമയം വിശ്രമിക്കാറുള്ള ഊഞ്ഞആല്‍ കട്ടിലിനു സമീപം കെട്ടിത്തൂക്കി വിശ്രമിച്ചു കൊണ്ടു കഴിച്ചിരുന്നു എന്നും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യ മാലയില്‍ പ്രതിപാദിക്കുന്നു. ഈ ഭീമന്‍ ചുമന്നു കൊണ്ടുവന്ന കൂറ്റന്‍ പലകകള്‍ ചാരി വച്ച സ്ഥലം പലകചാരി എന്നും തോണിയുടെ ആകൃതിയില്‍ കല്ലുണ്ടാക്കിയ സ്ഥലം തോണിക്കല്ല് എന്നും അറിയപ്പെട്ടു. 

പാഞ്ചാലിക്ക് കുളിക്കുന്നതിനായി ഭീമസേനൻ മലമുകളില്‍ തീർത്ത ചിറ ഇലവീഴാപൂഞ്ചിറ എന്ന പേരില്‍ അറിയപ്പെടുന്നു.